പ്രശസ്തമായ മലയാളം കവിതകള്‍

ദൈവമേയെന്നു നിലവിളിക്കരുത്--എ അയ്യപ്പന്‍,

ദൈവമേയെന്നു നിലവിളിക്കരുത്
ദൈവത്തിനു കേള്‍വിയില്ല
കോടാനുകോടികളെക്കാണാന്‍
കണ്ണുകളില്ല
നാവില്‍
ഒരിറ്റ് ഉമിനീരില്ല

ഒരു നീചന്‍
ദാഹത്തിന്‍റെ തൊണ്ടവറ്റിച്ചു
ചുണ്ടുനനച്ചത്
ഒരു മാലാഖയുടെ കണ്ണുനീര്‍ത്തുള്ളിയാണ്
വിലകൊടുത്ത് ലഹരിയരുത്
വിലകൊടുക്കാതെ കിട്ടുന്ന
ഭ്രാന്താണ് ലഹരി

എനിക്ക്
നിര്‍വചനമില്ല
ഭാഷയില്ല
ലഹരി
അഗ്നിയില്‍ സൂക്ഷിക്കുന്ന
രത്നദ്രവം

എന്‍റെ പ്രേമലേഖനത്തിന്
കലാപത്തിന്‍റെ ഭാഷയാണ്
കുട്ടിയെക്കൊണ്ടുപോകൂ
ഭ്രാന്ത് പകരുന്ന രോഗമാണ്
ധവളാണുക്കളാണ്
എന്‍റെ ഞരമ്പുകളില്‍
എന്‍റെ മനസ്സളക്കാന്‍
ഭ്രാന്തമാപിനിയില്ല

എന്‍റെ കഴുത്തിന്‌
ഊഞ്ഞാലാടാനാഗ്രഹം
ഞാന്‍ കിണറ്റുവെള്ളം കോരാനുള്ള
കയര്‍ മുറിക്കുന്നു

Share:

No comments:

Post a Comment

Popular Posts

Blog Archive

Recent Posts