പ്രശസ്തമായ മലയാളം കവിതകള്‍

റോഡു മുറിച്ചു കടക്കുമ്പോള്‍-എ അയ്യപ്പന്‍

റോഡു മുറിച്ചു കടക്കുമ്പോള്‍
ശ്രദ്ധിക്കുക:
അഗ്നിവളയത്തിലൂടെപ്പറക്കുന്ന
സര്‍ക്കസ്സുകാരനാവരുത്
ഊഞ്ഞാലില്‍നിന്ന്
ഊഞ്ഞാലിലേക്ക്
പോകുന്നവനെപ്പോലെയാകരുത്

നോക്കൂ, ഒരു കുരുടന്‍
നിരത്തു മുറിച്ചു പോകുന്നു
വടിയൂന്നി, എത്ര മെല്ലെ.

എല്ലാ വാഹനങ്ങളും നിശ്ചലം
അന്ധന്‍റെ സിഗ്നല്‍ അന്ധത.
രാത്രിയിലും അവനിങ്ങനെയാണ്;
ചുവപ്പും പച്ചയും അറിയില്ല.

സ്കൂള്‍ വിട്ടു
കുട്ടികളുടെ ചന്തച്ചന്തത്തോടെ
ഒരു കാരവന്‍;
സംഘമായവര്‍ റോഡു മുറിക്കുന്നു

നടുറോഡിലെത്തുമ്പോള്‍
ഒരശരീരി കേള്‍ക്കുന്നു:
ഹേ നില്‍ക്കൂ, ഞാനും വരുന്നു.

ഭ്രാന്തന്‍ ട്രാഫിക്ക് നിയന്ത്രിക്കുന്നത് കാണുക
ഹായ്! എത്ര കൃത്യതയോടെ
റോഡു മുറിച്ചു പോകുമ്പോഴും
ഒരാള്‍ ന്യൂസ്പേപ്പര്‍ വായിക്കുന്നു.

ആണും പെണ്ണും കൈകള്‍ കോര്‍ത്ത്
ഒരു വ്യഥിതന്‍ ശാന്തനായ് റോഡ് മുറിക്കുന്നു.

നടുറോഡില്‍
അമ്മയുടെ കൈയില്‍ത്തൂങ്ങി
ശാഠ്യം പിടിക്കുന്നു കുട്ടി.

ചിലര്‍ക്ക് നേര്‍വഴിയിലുണ്ടാവാം വീട്
എനിക്ക് ഇടത്തൊരു ചങ്ങാത്തമുണ്ട്
വലത്താണെന്‍റെ വീട്
റോഡ് മുറിച്ചുകടക്കാതിരിക്കാന്‍ വയ്യ.

രാത്രിയില്‍ ഒരു കണ്ണു ഫ്യൂസായ ജീപ്പുവരുന്നു
ഒരൊറ്റക്കണ്ണന്‍ ബൈക്ക്
അന്ധമായ ബള്‍ബിനെ ആലിംഗനം ചെയ്യുന്നു.

ഞാനാണ് ദൂരത്തിന്‍റെ ജേതാവെന്ന ദര്‍പ്പത്തോടെ
റോഡ് നുണ്ടു നീണ്ടു പോകുന്നു.

Share:

No comments:

Post a Comment

Popular Posts

Blog Archive

Recent Posts