പ്രശസ്തമായ മലയാളം കവിതകള്‍

കാവ്യനർത്തകി - ചങ്ങമ്പുഴ കൃഷ്ണപിള്ള

കനകച്ചിലങ്ക കിലുങ്ങിക്കിലുങ്ങി
കാഞ്ചനകാഞ്ചി കുലുങ്ങിക്കുലുങ്ങി
കടമിഴിക്കോണുകളില്‍ സ്വപ്നം മയങ്ങി
കതിരുതിര്‍ പൂപ്പുഞ്ചിരി ചെഞ്ചുണ്ടില്‍ തങ്ങി

ഒഴുകുമുടയാടയിലൊളിയലകള്‍ ചിന്നി
അഴകൊരുടാലാര്‍ന്ന പോലങ്ങനെ മിന്നി
മതിമോഹന ശുഭനര്‍ത്തനമാടുന്നയി മഹിതേ
മമമുന്നില്‍ നിന്നു നീ മലയാളക്കവിതേ

ഒരു പകുതി പ്രജ്ഞയില്‍ നിഴലും നിലാവും
ഒരു പകുതി പ്രജ്ഞയില്‍ കരിപൂശിയ വാവും
ഇടചേര്‍ന്നെന്‍ ഹൃദയം പുതുപുളകങ്ങള്‍ ചൂടി
ചുടുനെടുവീര്‍പ്പുകള്‍ക്കിടയിലും കൂടി

അതിധന്യകളുഡുകന്യകള്‍ മണിവീണകള്‍ മീട്ടി
അപ്സരോരമണികള്‍ കൈമണികള്‍ കൊട്ടി
വൃന്ദാവനമുരളീരവ പശ്ചാത്തലമൊന്നില്‍
സ്പന്ദിക്കും ആ മധുരസ്വരവീചികള്‍ തന്നില്‍..

താളം നിരനിരയായ് നുരയിട്ടിട്ടു തങ്ങി
താമരത്താരുകള്‍പോല്‍ തത്തീ ലയഭംഗി
സതതസുഖസുലഭതതന്‍ നിറപറ വെച്ചു
ഋതുശോഭകള്‍ നിന്‍ മുന്നില്‍ താലംപിടിച്ചു

തങ്കത്തരിവളയിളകി നിന്‍ പിന്നില്‍ തരളിതകള്‍-
സങ്കല്പസുഷമകള്‍ ചാമരം വീശി

സുരഭിലമൃഗമദത്തിലകിത ഫാലം
സുമസമസുലളിത മൃദുലകപോലം
നളിനദളമോഹന നയനവിലാസം
നവകുന്ദസുമസുന്ദര വരമന്ദഹാസം

ഘനനീലവിപിന സമാനസുകേശം
കുനുകുന്ദള വലയാങ്കിത കര്‍ണ്ണാന്തിക ദേശം
മണികനകഭൂഷിത ലളിതഗളനാളം
മമമുന്നിലെന്തൊരു സൗന്ദര്യമേളം

മുനിമാരും മുകരാത്ത സുഖചക്രവാളം
ഉണരുന്നു പുളകിതം മമജീവനാളം

ഇടവിടാതടവികളും ഗുഹകളും ശ്രുതി കൊട്ടിയ
ജഡതന്‍ ജ്വരജല്പനമയമായ മായ
മറയുന്നു, വിരിയുന്നു മമജീവന്‍ തന്നില്‍
മലരുകള്‍ മലയാള കവിതേ നിന്‍ മുന്നില്‍

നിര്‍ന്നിമേഷാക്ഷനായ് നില്‍പ്പതഹോ ഞാനിതം
നിന്‍ നര്‍ത്തനം എന്തത്ഭുത മന്ത്രവാദം

കണ്ടൂ നിന്‍ കണ്‍കോണുകളുലയവേ
കരിവരിവണ്ടലയും ചെണ്ടുലയും വനികകള്‍ ഞാന്‍
ലളിതേ നിന്‍ കൈവിരലുകളിളകവേ
കണ്ടു ഞാന്‍ കിളി പാറും മരതക മരനിരകള്‍

കനകോജ്ജ്വല ദീപശിഖാരേഖാവലിയാലെ
കമനീയ കലാദേവത കണിവെച്ചതുപോലെ
കവരുന്നൂ കവിതേ തവനൃത്തരംഗം
കാപാലികനെങ്കിലും എന്നന്തരംഗം..

തവചരണ ചലനകൃത രണിതരതരങ്കണം
തന്നോരനൂഭൂതിതന്‍ ലയനവിമാനം
എന്നേ പലദിക്കിലുമെത്തിപ്പൂ-
ഞാനൊരു പൊന്നോണപ്പുലരിയായ് പരിലസിപ്പൂ..

കരകമലദളയുഗള മൃദുമൃദുല ചലനങ്ങള്‍
കാണിച്ച സൂക്ഷ്മലോകാന്തരങ്ങള്‍
പലതും കടന്നു കടന്നു ഞാന്‍ പോയീ
പരിദൃധപരിണത പരിവേഷനായീ..

ജന്മം ഞാന്‍ കണ്ടൂ ഞാന്‍ നിര്‍വൃതി കൊണ്ടൂ
ജന്മാന്തരങ്ങളിലെ സുകൃതാമൃതമുണ്ടൂ
ആയിരം സ്വര്‍ഗ്ഗങ്ങള്‍ സ്വപ്നവുമായെത്തീ
മായികേ നീ നിന്‍ നടനം നടത്തീ..

പുഞ്ചിരി പെയ്തു പെയ്താടു നീലളിതേ
തുഞ്ചന്റെ തത്തയെ കൊഞ്ചിച്ച കവിതേ
അഞ്ചിക്കുഴഞ്ഞഴിഞ്ഞാടു ഗുണമിളിതേ
കുഞ്ചന്റെ തുള്ളലില്‍ മണികൊട്ടിയ കവിതേ

പലമാതിരി പലഭാഷകള്‍ പലഭൂഷകള്‍ കെട്ടീ
പാടിയുമാടിയും പലചേഷ്ടകള്‍ കാട്ടി
വിഭ്രമവിഷവിത്തു വിതയ്ക്കീകിലും
ഹൃദിമേ വിസ്മരിക്കില്ല ഞാന്‍ സുരസുഷമേ..

തവതലമുടിയില്‍ നിന്നൊരു നാരുപോരും
തരികെന്നെത്തഴുകട്ടെ പെരുമയും പേരും
തവതലമുടിയില്‍ നിന്നൊരു നാരുപോരും
തരികെന്നെത്തഴുകട്ടെ പെരുമയും പേരും

പോവുന്നോ നിന്‍ നൃത്തം നിര്‍ത്തി നീ ദേവി
പോവല്ലേ പോവല്ലേ പോവല്ലേ ദേവി
പോവുന്നോ നിന്‍ നൃത്തം നിര്‍ത്തി നീ ദേവി
പോവല്ലേ പോവല്ലേ പോവല്ലേ ദേവി..
Share:

No comments:

Post a Comment

Popular Posts

Recent Posts